Sports
ന്യൂഡൽഹി: പേസ് ബൗളർ മോഹിത് ശർമ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 34 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ മോഹിത് ഒരു പതിറ്റാണ്ടോളം ഐപിഎല്ലിലും കളിച്ചു. 26 ഏകദിനങ്ങളിലും എട്ട് ട്വന്റി-20 മത്സരങ്ങളിലുമാണ് താരം ഇന്ത്യയ്ക്കായി കളിച്ചത്.
ഹരിയാനയിൽ നിന്നുള്ള 37 വയസുകാരനായ മോഹിത് ഐപിഎല്ലിലും ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസ്, കിംഗ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകൾക്കായി കളിച്ചു. മൂന്ന് ഐപിഎൽ ഫൈനൽ കളിച്ചെങ്കിലും ഒരിക്കൽ പോലും കിരീടം നേടാൻ കഴിഞ്ഞില്ലെന്ന ദുർഗതിയും താരത്തിനുണ്ട്.
26 ഏകദിനങ്ങളിൽ 31 വിക്കറ്റുകൾ നേടിയ താരം എട്ട് ട്വന്റി-20 മത്സരങ്ങളിൽ നിന്നായി ആറ് വിക്കറ്റുകളും സ്വന്തം പേരിൽ കുറിച്ചു. ഐപിഎല്ലിൽ 120 മത്സരങ്ങളിൽ നിന്ന് 134 വിക്കറ്റുകൾ നേടി.
Sports
മുംബൈ: ദക്ഷിണാഫ്രിയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ഓപ്പണർ ശുഭ്മാൻ ഗിൽ ടീമിൽ തിരിച്ചെത്തി. പരിക്ക് പൂർണമായും ഭേദമായില്ലെങ്കിലും സെലക്ടർമാർ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു.
മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും ടീമിലിടം പിടിച്ചു. പരമ്പരയ്ക്ക് മുൻപ് കായികക്ഷമത തെളിയിച്ചാൽ ഗിൽ ഓപ്പണർ സ്ഥാനത്ത് തുടരും. അല്ലാത്തപക്ഷം സഞ്ജു സാംസൺ അഭിഷേക് ശർമയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്നാണ് ടീം ഇന്ത്യയുടെ പ്ലാൻ.
പരിക്കിൽ നിന്നും മുക്തനായ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയും ടീമിലിടം പിടിച്ചു. അതേസമയം ഓസ്ട്രേലിയൻ പര്യടനത്തിൽ ടീമിലുണ്ടായിരുന്ന ബാറ്റർ റിങ്കു സിംഗ്, ഓൾറൗണ്ടർ നിതീഷ്കുമാർ റെഡ്ഡി എന്നിവരെ 15 അംഗ ടീമിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. സൂര്യകുമാർ യാദവ് ടീമിന്റെ ക്യാപ്റ്റനായി തുടരും.
ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, ജിതേഷ് ശർമ, ശിവം ദുംബെ, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷദീപ് സിംഗ്, കുൽദീപ് യാദവ്, ഹർഷിദ് റാണ.
Sports
ചെന്നൈ: ജൂണിയര്‍ പുരുഷ ലോകകപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ ജയവുമായി പി.ആര്. ശ്രീജേഷ് പരിശീലിപ്പിക്കുന്ന ടീം ഇന്ത്യ.
പൂള് ബിയില്‍ ചിലിയെ മറുപടിയില്ലാത്ത ഏഴ് ഗോളിന് ഇന്ത്യന്‍ ജൂണിയര്‍ സംഘം നിലംപരിശാക്കി. ലോകകപ്പിന്റെ ഉദ്ഘാടന ദിനത്തിലെ വമ്പന്‍ ജയമാണ് ആതിഥേയര്‍ കുറിച്ചതെന്നതും ശ്രദ്ധേയം.
ഇന്ത്യക്കായി റോഷന് കുജുര്‍ (16, 21), ദില്‍രാജ് സിംഗ് (25, 34) എന്നിവര്‍ ഇരട്ടഗോള്‍ സ്വന്തമാക്കി. അജീത് യാദവ് (35), അന്മോൽ (48), ക്യാപ്റ്റന്‍ രോഹിത് (60) എന്നിവരായിരുന്നു മറ്റു ഗോള്‍ നേട്ടക്കാര്‍.
പൂള് ബിയിലെ ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് 4-0ന് ഒമാനെ കീഴടക്കിയിരുന്നു. പൂള് എയിലെ മത്സരങ്ങളിൽ ജര്‍മനി 4-0ന് ദക്ഷിണാഫ്രിക്കയെയും അയര്‍ലന്‍ഡ് 4-3ന് കാനഡയെയും തോല്‍പ്പിച്ചു.
പൂള് ബിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ഒമാനെ നേരിടും. ഡിസംബര്‍ രണ്ടിന് സ്വിറ്റ്സര്‍ലന്‍ഡിന് എതിരേയാണ് പൂളില്‍ ഇന്ത്യയുടെ അവസാന മത്സരം. പൂളിലെ ഒന്നാം സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറും. രണ്ടാം സ്ഥാനക്കാര്‍ക്ക് റാങ്കിംഗ് അടിസ്ഥാനത്തില്‍ ക്വാര്‍ട്ടറില്‍ പ്രവേശിക്കാം.